Thursday, July 13, 2006

ഇതിന്റെ കാരണം ആരാന്നറിയാമോ?

ഓം ഹ്രീം മാ‍ര്‍ജ്ജാരസ്യ നമ: ഓം ഹം ഹ്രീ‍ീ‍ീ‍ീ‍ീം ക്രാം ക്രീം ക്രൂം ക്രൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...

ണിം ണിം ണിം ....
മണിയൊച്ച കാതു തുളച്ചു കയറി.

ചെവിക്കല്ല് പൊട്ടുമാറ് ഒച്ച കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു! മ്യാവൂ...
പൂച്ചപ്പൂട മുഴുവന്‍ നനഞ്ഞിരിക്കുന്നു. മേലു മുഴുവനും തണുത്ത വെള്ളം ആരോ കുടഞ്ഞു! വെള്ളത്തില്‍വീണ പൂച്ചയുടെ അവസ്ഥ എനിക്കല്ലേ അറീയൂ? മ്യാവൂ... തണുക്കുന്നേ

മ്മ്മ്മ്യവൂ‍ൂ‍ൂ‍ൂ‍ൂമ്യാവൂ‍ൂ‍ൂ‍ൂ‍ൂ.. കണ്ണു തുറന്നപ്പോള്‍ അലറി വിളിച്ചുപോയി!
ഭൂമി കുലുങ്ങിയോ....? അതോ ഇനി തലകറങ്ങിയോ...? ഒരു പിടിയും കിട്ടുന്നില്ല! എന്റെ പൂച്ച ഓര്‍മ്മ അങ്ങനെ തെളിഞ്ഞു തുടങ്ങി. ചുറ്റും നോക്കിയപ്പോള്‍ ആകെ ഒരു വശപ്പെശക്! ഇതെന്നാ, വിളക്കുകളും (ലൈറ്റേ!) കാറ്റു തരുന്ന യന്ത്രവും (ഫ്യാന്‍) ഒക്കെ താഴെ വന്നത്?!ഒന്നു ഞെളിപിരി കൊണ്ടുനോക്കി. രക്ഷയില്ല!

മിയോവൂഡാ (അയ്യോടാ!) ഞാന്‍ പൂച്ചകള്‍ നില്‍ക്കുന്നതുപോലെയല്ലല്ലോ നില്‍ക്കുന്നത്! “ക്യാറ്റ്“ മാറി “ബാറ്റ്” പൊസിഷനില്‍ ആണെന്നു മനസ്സിലായി. അതായത് എന്റെ സുഹൃത്ത് ഞരിച്ചീറ് ചേട്ടന്‍ (ചിലര്‍ പുള്ളിയെ പാരന്‍ എന്നും വവ്വാല്‍ എന്നും ഒക്കെ വിളിക്കും) എപ്പോഴും കിടക്കാറുള്ള പോലെ ഞാനും നില്‍ക്കുന്നു.... തലയും കുത്തി! വാല് മേലിലും തല താഴെയും.

എന്റെ പൂച്ചക്കോട് ഭഗവതി!!! ഇനി ഞാനും വവ്വാല്‍ ആയോ? പൂച്ചേശ്വരന്മാരേ, ഇന്നലെ വരെ ഇങ്ങനെ ആയിരുന്നില്ലല്ലോ! എന്റെ ജീവിതം വവ്വാവാല്‍ ആയോ?

ഇല്ല! ഹേയ്, അങ്ങനാകാന്‍ വഴിയില്ല! പക്ഷേ, പരിസര വീക്ഷണം നടത്താ‍ന്‍ തല നേരെ നിന്നല്ലേ പറ്റു! എങ്കിലും കണ്ണ് തുറന്നു ഞാന്‍ ഒന്നുകൂടി നോക്കി. ഇപ്പം എല്ലാം പൊക (ക്ഷമിക്കണം ഞാനൊരു നോണ്‍-സ്‌മോക്കിംഗ് ക്യാറ്റ് ആണ്. ജഗതി പറയുന്നതുപോലെ "ബ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാന്‍ഡ് മീ" ) പോലെ ചെറുതായി തെളിഞ്ഞു തുടങ്ങി. എങ്ങനെ വീണാലും നാലുകാലില്‍ തന്നെ നില്‍ക്കാന്‍ ഞങ്ങള്‍ പൂച്ചകള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് നിങ്ങള്‍ മനുഷ്യര്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ആ എനിക്ക് ഈ ഗതി വന്നോ?

ഇല്ല. ഞാന്‍ വവ്വാല്‍ ആയതല്ല. എന്നെ ആരോ തലകീഴായി തൂക്കി പിടിച്ചിരിക്കുകയാണ്.

ഇതാരാ പൂച്ചയപ്പനേ എന്റെ അടുത്ത് നില്‍ക്കുന്നേ?

മ്യാവു....മ്മ്മ്മ്മ്മ്യാ‍ാ‍ാവൂ‍ൂ‍ൂ‍ൂ‍ൂ‍ൂ എന്നെ താഴെ നിര്‍ത്തണേ..... തല കറങ്ങുന്നേ..... രക്ഷിക്കണേ... എന്റെ കാലീന്ന് , ഛെ, വാലീന്ന് പിടിവിടൂ...... പ്ലീസ്.....!!!!

(പൂച്ചയുടെ വാലില്‍ പിടിച്ചിരിക്കുന്നത് ആര്? എന്തിന്? വാലീന്ന് പിടി വിടുമോ, ഇല്ലയോ?
അതറിയാന്‍ വായിക്കൂ ഈ സ്റ്റീരിയലിന്റെ അടുത്ത എപ്പിസോഡ് - “നിങ്ങളാരാ ഹേ വാലില്‍ പിടിക്കാന്‍” - ഇതേ ചാനലില്‍ ഉടന്‍ തന്നെ വരും...)

3 Comments:

Anonymous Anonymous പറഞ്ഞു...

പൂച്ചക്കാട്ട്‌ ഒരമ്പലമുണ്ട്‌. കൊല്ലത്തില്‍ കളിയാട്ടവും, വേണമെങ്കില്‍ എഴുതി വെയ്ക്കാവുന്നതാണ്‌ 'പൂച്ചക്കാട്ട്‌ ഭഗവതി ഈ ബ്ലോഗിന്റെ ഐശ്വര്യം" എന്ന്‌.ചില്ലറ തന്നാള്‍ മണിയടിച്ചൊരു വഴിപാടും നടത്തിയേക്കും, പിന്നെ വീണാള്‍ നാലു കാലിലേ വീഴു.

8:49 PM  
Blogger അരവിന്ദ് :: aravind പറഞ്ഞു...

കൊള്ളാം!! :-))
പോരട്ടെ പോരട്ടെ, അടുത്ത എപ്പിഡോസ്...:-)

9:30 PM  
Blogger വക്കാരിമഷ്‌ടാ പറഞ്ഞു...

ഹ..ഹ.. കൊള്ളാമല്ലോ.. സസ്‌പെന്‍ഷനായി. അടുത്തതുടന്‍ പോരട്ടെ.

പക്ഷേ പൂച്ചകള്‍ എത്രയൊക്കെ ശ്രമിച്ചാലും നവീനമായ ചില ആശയങ്ങള്‍ അവര്‍ക്ക് പ്രശ്നമുണ്ടാക്കും. അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍.... പൂച്ചയുടെ പൂച്ച് പുറത്താകും :)

11:08 PM  

Post a Comment

<< Home