Saturday, July 15, 2006

നിങ്ങള്‍ ആരാ ഹേ എന്റെ വാലില്‍ പിടിക്കാന്‍?!!

വേതാ‍ളം തലകീഴാ‍യി കിടക്കുന്നപോലെ കിടന്നു തലകറങ്ങി വീണ്ടും ബോധം കെടുമെന്നാ‍യപ്പോള്‍ ക്ഷമ നശിച്ചു ഞാന്‍ ചോദിച്ചു “ മ്യാവൂ...നിങ്ങള്‍ ആരാ ഹേ എന്റെ വാലില്‍ പിടിക്കാന്‍?!!“
ഉത്തരം ഇല്ല. ചോദ്യം ആവര്‍ത്തിച്ചു. പഴയ സ്ഥിതി തന്നെ. മറുപടി ഇല്ല. എന്റെ പൂച്ചക്കടകന്‍ (പതിനെട്ടാമത്തെ അടവ്) പ്രയോഗിക്കാന്‍ തന്നെ തീരുമാനിച്ചു. തലകീഴായി കിടക്കുന്ന ഞാന്‍ പണിപെട്ട് കാലന്‍ കുടയുടെ പിടി പോലെയിരിക്കുന്ന "J" പോലെ വളഞ്ഞ് എന്റെ വാലില്‍ പിടിച്ചിരിക്കുന്ന ആ‍ളിന്റെ കൈയ്യില്‍ ഒരു മാന്ത് കൊടുക്കാന്‍ നോക്കി. ശക്തിയായിട്ട് കാറ്റിലൂടെ ഒന്ന് ആടി ഉലഞ്ഞു എന്നല്ലാതെ വാലിലെ മര്‍ദ്ദം മാറിയിട്ടില്ല!

വിഷമം സഹിക്കാതെ ഞാന്‍ വീണ്ടും കരഞ്ഞു. “ഞാനൊരു നിരുപദ്രവകാരിയാണേയ്, എന്റെ വാലേന്ന് പിടി വിട്ടില്ലേല്‍ ഞാന്‍ ചത്തുപോകുമേ.. പിടി വിടണേ.......”ഇത്തവണ എന്റെ അപേക്ഷ കേള്‍ക്കാതിരിക്കാന്‍ ആകാഞ്ഞിട്ടേന്നോണം ആ മനുഷ്യന്‍ നിന്ന നില്‍പ്പില്‍ എന്റെ വാലിലെ പിടി വിട്ടു!

പ്‌ധും!

മ്യോ.....ന്നും പറഞ്ഞു ഞാന്‍ താഴെ മൂക്ക് കുത്താതെ നാലു കാലില്‍ തന്നെ വീണു.. (നിങ്ങള്‍ മനുഷ്യന്മാര്‍ നാലുകാലില്‍ വീഴുമ്പോളും നാലു കാലില്‍ ആകുമ്പോഴും (?!) അതു പല പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കാറുണ്ടെന്ന് ഞാന്‍ “പൂച്ച കൌമുദിയിലും”, “മലയാള പൂച്ചരമയിലും“, “പൂച്ചഭൂമിയിലും“ ഒക്കെ വായിച്ചിട്ടുണ്ട്. പുയ്യോ കഷ്ടം (അയ്യോ കഷ്ടം). നാലു കാലില്‍ നിന്ന് സ്വബോധത്തോടുകൂടി എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയാത്തതില്‍ ഞങ്ങള്‍ പൂച്ചകള്‍ ഖേദിക്കുന്നു. ഞെട്ടെണ്ട. ഞങ്ങള്‍ പൂച്ചകള്‍ക്കുമുണ്ട് നിങ്ങളുടേതുപോലെയുള്ള സകല പ്രസ്ഥാനങ്ങളും. ഇന്നത്തേ യംഗ് ജനറേഷന്‍ പൂച്ചകളുടെ പുരോഗതിയെക്കുറിച്ച് വല്ലതും നിങ്ങള്‍ അറിയുന്നുണ്ടോ?അതവിടെ നില്‍ക്കട്ടെ.

താഴെ കാലുകുത്തിയപ്പം എന്തൊരു ആശ്വാസം! ഹൊ! മ്യാവൂ! നേരെ നടക്കുമ്പോ ആരെങ്കിലും ഓര്‍ക്കുന്നോ, അറിയുന്നോ തലകുത്തിയാലുള്ള ബുദ്ധിമുട്ടുകള്‍? നരിച്ചീര്‍ ചേട്ടന്‍ ഒരു സംഭവം തന്നേ!

കിട്ടിയ ലാക്ക് നോക്കി ജീവനുംകൊണ്ട് രക്ഷപ്പെടാനാ തോന്നിയത്. ഓടാന്‍ ഉള്ള എന്റെ ഭാവം കണ്ടിട്ടാകും പെട്ടെന്നൊരു ശബ്ദം. എന്നെ വാലില്‍ തൂക്കിയ ആള്‍ പറഞ്ഞു ... “ ഭയപ്പെടേണ്ട കുഞ്ഞേ! നിന്നെ ഞാന്‍ ദ്രോഹിക്കാന്‍ വന്നതല്ല. നിനക്ക് സുഖമാണല്ലോന്ന് ഉറപ്പുവരുത്താന്‍ വന്നു എന്നേയുള്ളു. നീ ഇവിടെ ബോധം കെട്ടു കിടന്നപ്പോള്‍ നോം ദിവ്യ ദൃഷ്ടിയിലൂടെ അതു കണ്ടു. നീ ബ്ലോഗില്‍ കയറി “പൊന്നുരുക്കാന്‍“ തുടങ്ങിയ വിവരവും നോം അറിയുന്നു! നീ പറയാതെയോ ചോദിക്കാതെയോ തന്നെ നിന്റെ സകല പ്രശ്നങ്ങളും നോം അറിയുന്നു. പരിഹരിച്ചിരിക്കുന്നു!!!“

“പ്രശ്നമോ? എന്റെ പ്രശ്നം ഇയ്യാളെങ്ങനെ അറിഞ്ഞു? മ്യാവൂ...“ ഞാന്‍ ചിന്തിച്ചു. “സംഗതി കൊള്ളാമല്ലോ പൂച്ചയോണ്‍! പിന്നസന്റ് പൂച്ച അവതരിപ്പിക്കുന്ന ഒരു പരസ്യത്തിലെ വാചകം ഓര്‍ത്തുപോയി!!! എന്റെ പ്രശ്നങ്ങള്‍ അറിയാനും പരിഹരിക്കാനും ഇതാരാ എന്റെ പൂച്ചതൊട്ടപ്പനോ? (നിങ്ങള്‍ അതിനെ അഞ്ഞൂറാനെന്നോ ഗോഡ്‌ഫാദറെന്നോ, തലതൊട്ടപ്പനെന്നോ ഒക്കെ പറഞ്ഞേക്കും). ദിവ്യദൃഷ്ടിയോ! അതെന്താ എന്റെ പൂച്ചക്കോടമ്മച്ചീ? അങ്ങനെ ഒരു പൂച്ച നടിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ലല്ലോ ഇതുവരെ? ! ഇനി ബാലപൂച്ചതാരമാണോ? ആ‍കും!“

ഞാനേതായാലും മിണ്ടാതിരിക്കുന്നത് ശരിയല്ല. നാലുകാലില്‍ നിന്നു ധൈര്യം സംഭരിച്ച് ചോദിച്ചു, “ മ്യാ‍ാ‍ാ‍ാവൂ‍ൂ... നിങ്ങള്‍ എന്റെ ആരുവ്വാ‍ാ‍ാ‍ാ, ന്ന് പുടികിട്ടുന്നില്ല. സത്യമായും ഓര്‍ക്കുന്നില്ല.

എന്റെ മാര്‍ജ്ജാരമൊഴി കേട്ട് അദ്ദേഹം പൂച്ചചിരിച്ചു (പുഞ്ചിരിച്ചു). അദ്ദേഹം പറഞ്ഞു, “കുഞ്ഞേ, നിനക്ക് എന്നെ അറിയാന്‍ വഴിയില്ല. നിന്റെ വല്യ വല്യ അപ്പൂപ്പന്‍ പൂച്ചയ്ക്കും അറിയുമോന്ന് തോന്നുന്നില്ല. നീ ഒരു 500 വര്‍ഷങ്ങള്‍ പിന്നിലേക്ക് പോയാലേ അത് മനസ്സിലാകു. അതായത് ബിഫോര്‍ ക്യാറ്റ് (B.C) എത്രാം വര്‍ഷം എന്ന് നീ തന്നെ കണക്കു കൂട്ടിയെടുത്തോ!“

അദ്ദേഹം തുടര്‍ന്നു,“ ഞാന്‍ നിനക്ക് നല്ലതേ വരുത്തൂ. നിന്റെ വല്യപൂച്ചച്ചന്മാരുമായിട്ട് എനിക്കുണ്ടായിരുന്ന സൌഹൃദത്തിന്റെ കഥയൊക്കെ ഇനി എപ്പോഴെങ്കിലും നിനക്ക് അറിയണമെന്ന് തോന്നുമ്പോള്‍ ഞാന്‍ പറഞ്ഞു തരാം. എന്താ മതിയോ?”

“മ്യാവൂ... ശരി, സമ്മതം.“ ഞാ‍ന്‍ മൊഴിഞ്ഞു.

അദ്ദേഹം പറഞ്ഞു. “നിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിച്ചിരിക്കുന്നു... നിനക്ക് മംഗളം” ഇത്രയും പറഞ്ഞ് ആ ദിവ്യന്‍ മറഞ്ഞു.(മംഗളം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് വാ‍രികയല്ല. മംഗളം, മരംകൊത്തി, തുടങ്ങിയ നിങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ എനിക്ക് ദഹിക്കാറില്ല. പകരം ഞാന്‍ മാര്‍ജ്ജാരരത്നം, മാര്‍ജ്ജാര മാസിക, പൂച്ചരമ, പൂച്ചക്കുടുക്ക, ദി പൂച്ച റ്റുഡേ മുതലായവ ഇഷ്ടപ്പെടുന്നു)

ഞാന്‍ പോണ്ടര്‍ (ponder) അടിച്ചിരുന്നു പോയി! പൂച്ചകള്‍ അതിശയിക്കുമ്പോള്‍ അതിനു പോണ്ടര്‍ അടിക്കുക എന്ന് പറയും! english cat, I was pondering!

പ്രശ്നം പരിഹരിച്ചോ? എപ്പോ? മ്യാഹാ... എന്നാല്‍ ഞാനൊന്ന് നോക്കട്ടെ! ഓടി ചാടി ഞാന്‍ എന്റെ “ക്യാറ്റ് ടോപ്പില്‍“ നോക്കി!

ഞാന്‍ എന്റെ പൂച്ചബ്ലോഗ് തുറന്നു.....

കണ്ട കാഴ്ച്ച എന്നെ വീണ്ടും പോണ്ടര്‍ അടിപ്പിച്ചുകളഞ്ഞു. ഞാനെന്റെ പൂച്ചക്കണ്ണിലൂടെ ഇതാണ് കണ്ടത്.

“പ്രിയപ്പെട്ട വന്‍പുലികളെ!

നിങ്ങളുടെ ബൂലോഗത്തേക്ക് എന്റെ കൊച്ചുപൂച്ചയെ സ്വാഗതം ചെയ്തതിനും, അതിനെ “38 പൊന്നുകമന്റ്സ്“ കൊണ്ട് മൂടി, പൂച്ച ബോധം കെടുത്തിയതിനും, അവസാനം ആ ബോധക്കേടില്‍ നിന്നും അതിനെ ഉണര്‍ത്താന്‍ എനിക്ക് പ്രത്യക്ഷപ്പെടേണ്ടിവന്നു എങ്കിലും, കൊച്ചുകുറിഞ്ഞിക്ക് വേണ്ടി ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതുണര്‍ന്നുനോക്കുമ്പോള്‍ ഇത് കാ‍ണും. കുറിഞ്ഞി അതിന്റെ ക്യാറ്റ്ടോപ്പില്‍ നിങ്ങളുടെ പ്രതികരണങ്ങള്‍ കണ്ട് തലകറങ്ങി വീണു. ബാക്കിയൊക്കെ നിങ്ങള്‍ക്കറിയാം!

ഏതായാ‍ലും അവളുടെ പൂച്ചമനസ്സ് പറയുന്നു അവള്‍ക്കറിയാവുന്ന തരത്തിലൊക്കെ “മ്യാവൂ... നന്ദി!“ , “മണി കിലുക്കി ഞാന്‍ പൂച്ചചന്തത്തോടെ ഞാന്‍ പതുക്കെ നടന്നു വരാം“, “പുലിത്തോല്‍ ഇല്ലാത്ത വെറും സാധാ‍ പൂ‍ച്ചത്തോല്‍ മാത്രമുള്ള കൊച്ചു കുറിഞ്ഞിയാണേ ഞാന്‍, മ്യാവൂ...” “പൂ‍ച്ചൊന്നും ഇല്ലാത്ത കുറിഞ്ഞിക്ക് ആര്‍ച്ചപൂച്ചയോ പുലിയോ ഒന്നും ആകണ്ടായേ.. മ്യാവൂ...” “കൊച്ചുകുറിഞ്ഞിയായിട്ട് തന്നെ ഇരുന്നാല്‍ മതിയേ..മ്യാവൂ...”

ഒരിക്കല്‍ കൂടി എല്ലാ പുലി ആങ്ങളമാര്‍ക്കും പുലിപെങ്ങേന്മാര്‍ക്കും, പുലി സഹോദരങ്ങള്‍ക്കും ബൂലോഗപുലിലോകത്തെ എല്ലാ മലയാളിപുലികള്‍ക്കും കുറിഞ്ഞി പറയുന്നു, “തെരിമാ കശിഹ് ബന്യാക്ക്” അധവാ, thanks a million, അധവാ ആയിരം നന്ദി!

....... for Kurinji the Cat, by Kurinji's Swamy.

...... ഒരു മെഗാ പൂച്ചക്കഥ തുടങ്ങാനുള്ള സ്കോപ്പ് ഉണ്ടല്ലോ...! മ്യാ‍ാ‍ാ‍ാ‍ാവൂ‍ൂ‍ൂ.. ഞാന്‍ വീണ്ടും പോണ്ടര്‍ അടിച്ചു!!!!!

8 Comments:

Blogger ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

എന്റ്റമ്മേ!! ഇതു പിടിച്ചേലും വലുത് അളേലാണെന്ന ഭാവത്തിലാണല്ലോ!
വക്കാരിയുടെ നന്ദിപ്രകടനം കഴിഞ്ഞ് ബൂലോകം കണ്ട നന്ദിപ്രകടന വെടിക്കെട്ട്!!

പിന്നെ പൂച്ചേടെ കാര്യം.. പൂച്ച എന്ന് പറയുന്നതേ ഒരു പ്രസ്ഥാനമാകുന്നു.. ഒരു സമയത്ത് വീട്ടില്‍ മലയാളം മനസ്സിലാവുന്ന, തിരിച്ച് കാര്യം പറയാന്‍ ശ്രമിക്കുന്‍ന്ന 17 പൂച്ച വരെ ഉണ്ടായിരുന്നു.. എങ്കിലും യതോരു ശല്യ്യവും ഉണ്ടാക്കാറില്ല. ഇപ്പൊഴും കാണും 3-4 എണ്ണം.. പട്ടിക്കും പൂച്ചക്കും ഒരേ പാത്രത്തില്‍ നിന്ന് ഊണു കഴിക്കുന്നതിനു വലിയ വിരോധം ഒന്നും ഇല്ലെന്ന് മുന്‍പു വീട്ടിലുണ്ടായിരുന്ന പട്ടിയും ഇപ്പോഴത്തെ പുച്ച തലമുറയുടെ വല്യമ്മൂമ്മ ആയിരുന്ന പൂച്ചയും കാണിച്ചു തന്നിട്ടുണ്ട്..

പറഞ്ഞു വന്നത്, പൂച്ചയെ ഇണക്കിയും, മെരുക്കിയും, വളര്‍ത്തിയും നല്ല പരിചയമാണെന്ന്.. (എന്റെ അമ്മയുടെ ക്ഷമ സമ്മതിക്കണം.. ഒരാള്‍ക്കു വെക്കുന്നേലും കൂടുതല്‍ അവരു 17 പേരും കൂടെ കഴിക്കും);-)

10:55 PM  
Blogger sami പറഞ്ഞു...

സ്വാഗതിക്കാന്‍ വൈകി
പൂച്ചക്കുട്ടി,ഒരു ബിലേറ്റഡ് സ്വാഗതം
സെമി

11:03 PM  
Blogger ഉമേഷ്::Umesh പറഞ്ഞു...

ഇതൊരൊന്നരപ്പൂച്ചയാണല്ലോ! ഇങ്ങനെയൊരാള്‍ലു വീട്ടിലുണ്ടെന്നു കലേഷ് ഇതുവരെ പറഞ്ഞില്ലല്ലോ. അങ്ങേരു് എപ്പോള്‍ എഴുത്തു നിര്‍ത്തി എന്നു ചോദിച്ചാല്‍ മതി.

ബൂലോഗത്തിലിതു വരെ ആര്‍ക്കുമില്ലാത്ത കിടിലന്‍ ശൈലിയും പ്രയോഗങ്ങളുമാണല്ലോ. ഇനിയും എഴുതൂ.

പിന്നെ “അധവാ” അല്ല, “അഥവാ” ആണെന്നു് ആങ്ങളയോടു പറഞ്ഞു പറഞ്ഞു് എന്റെ രണ്ടു ചൂണ്ടു വിരലുകളിലെയും തൊലി തേഞ്ഞു. പെങ്ങളും തഥൈവ. നിങ്ങളെന്താ കുടുംബത്തോടെ അധവാക്കാരാണോ?

11:10 PM  
Blogger സു | Su പറഞ്ഞു...

സ്വാമിയുടെ പൂച്ചക്കുട്ടിയ്ക്ക് സ്വാഗതം. :)

11:18 PM  
Blogger Adithyan പറഞ്ഞു...

ഇതൊരിന്നൊന്നര പുലി ആണല്ലോ...

എത്രയും പെട്ടെന്ന് പേരു മാറ്റി രെജിസ്റ്റര്‍ ചെയ്യണ്ടതാണെന്ന് അപേക്ഷിയുക്കുന്നു. ഇല്ലേല്‍ ചെലപ്പോ സൂപ്പര്‍ സീനിയേഴ്‌സിനെ കിഡീസിന്റെ ജേഴ്‌സി ഇടീപ്പിച്ചു കോര്‍ട്ടില്‍ ഇറക്കിയതിന് ബൂലോക ടീമിനെ ബാന്‍ ചെയ്താലോ?

പേരൊക്കെ കണ്ട് വെറുമൊരു പൂച്ച പോസ്റ്റ് പ്രതീക്ഷിച്ച് വായിക്കാനിരിക്കുന്ന പാവം വായനക്കാരന്‍ ഈ പുലിപ്പോസ്റ്റുകള്‍ ഒക്കെ വായിച്ച് ബോധംകെട്ടാല്‍ ആരു സമാധാനം പറയും?

11:19 PM  
Blogger സ്വാര്‍ത്ഥന്‍ പറഞ്ഞു...

"ഒരുനാള്‍ ഞാനും
ഏട്ടനേപ്പോലെ
വളരും വലുതാകും”

പൂച്ച കുറിഞ്ഞിക്ക് പൂച്ചെണ്ടും പൂച്ചംസകളും

മ്യാ‍ാ‍ാ‍ാ‍ാ‍ാ‍ാവ്

2:29 AM  
Blogger അരവിന്ദ് :: aravind പറഞ്ഞു...

ഇത് കലക്കി!
ഇപ്ലാ കണ്ടേ...:-))

11:40 PM  
Blogger പൊന്നപ്പന്‍ - the Alien പറഞ്ഞു...

സത്യം ! പൂച്ച എന്നു പറയുന്നതൊരു പ്രസ്ഥാനം തന്നെയാണെന്റെ സ്വാമിയേ ശരണമയ്യപ്പാ.. ഇതു ഒരു അന്യഗ്രഹ പൂച്ച സന്ദേശമാ.. സ്വാമികളുടെ പൂച്ചക്കുട്ടിക്കിരിക്കട്ടെ..
http://thavalachantham.blogspot.com/2006/09/blog-post_22.html

5:07 AM  

Post a Comment

<< Home